Sunday, October 12, 2008

പ്രയാണം




ശുദ്ധമായതൊന്നും കൊടുത്തുതീര്‍ക്കാന്‍കഴിയാതെ-
ജംഗമങ്ങളെല്ലാം ജപ്തിക്കുപോയി.
ഇന്ന് പാതിരാ ചൂട്ടിന്‍ കൂട്ട് പാതിവഴിയിലുടവയറ്റുറക്കം
രാത്രിസഞ്ചാരവേഗം
രാത്രിവണ്ടിക്കുകയറണം ,ദൂരെ
രാവിന്‍ തുരങ്കത്തിലൂടോടും തീവണ്ടികള്‍
ചൂളം വിളിക്കാറുണ്ടൊ?
എങ്കില്‍ ചൂളം വിളികളിലറിയാം ഞരക്കം,ഉടല്‍പ്പിളര്‍പ്പ്
രാത്രിദാഹങ്ങള്‍ കണ്‍മിഴിക്കും വഴിയിടങ്ങള്‍ വെയില്‍കൊള്ളാറുണ്ടൊ?
വെയില്‍ നേരങ്ങള്‍ പൂക്കും രാത്രികള്‍ മഴനനയാറുണ്ടൊ?
ഉണ്ടൊ,
നാളെ ഉണരുന്നതും
നാടു നീങ്ങുന്നതും
അറിയാറുണ്ടൊ; ഭ്രാന്ത്!!!!!
***********************



ആത്മാക്കളുടെ ഭൂപടം

കുട്ടികള്‍ കളിമണ്ണില്‍

ചില രൂപങ്ങള്‍ തീര്‍ക്കുന്നു
തൃപ്തിയാവാതെ പലവിധം
മാറ്റിപ്പണിയുന്നു
ദൈവത്തിനെ അവരും കണ്ടിട്ടില്ല
ഏതുരൂപത്തില്‍
ഭാഷയില്‍ സംഭവിക്കുമെന്ന്
അവര്‍ക്കുമറിയില്ല!
കളിമണ്ണിനാല്‍
മനുഷ്യനാണ്‌
പ്രതിമകളൊക്കെയും തീര്‍ത്തത്
അവര്‍ക്കുമറിയില്ല
പലരൂപഭാവത്തില്‍
പലനിറങ്ങളില്‍
കാറ്റുപോലെ പലഭാവങ്ങളില്‍
മഴയെ വരയുമ്പോലൊന്ന്
കളിമണ്ണില്‍ കുട്ടികള്‍
അറിയാത്ത ഭാഷയില്‍
ചില രൂപങ്ങള്‍ നെയ്തെടുക്കുന്നു
ശില്പിയല്ലവരെന്നാല്‍
കണ്ടിട്ടില്ല
ഭൂപടങ്ങളിലൊന്നും
വരയില്‍മാത്രമൊതുങ്ങുകയും
ശിലയില്‍ അടയിരിക്കുകയും ചെയ്യുന്ന
ഇത്തരം ബിംബങ്ങളെ.
*********************
ദിനേശന്‍ വരിക്കോളി
***********************

No comments: