Sunday, October 12, 2008

ആശുപത്രിക്കു മുന്നിലെ നടപ്പാതയില്‍


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള
ആശുപത്രിക്കു മുന്നിലെ
നടപ്പാതയില്‍
നിവര്‍ത്തിവെച്ച കുടയ്ക്കുകീഴില്‍
കുട്ടിയുടുപ്പ്
ബേബിസോപ്പ്
ചെറിയ തോര്‍ത്തുമുണ്ട്
വിറ്റ്
ജീവിതത്തിന്‍റെ രണ്ടറ്റവും
വലിയച്ചൊപ്പിക്കാന്‍
ആവാതെ

കുഞ്ഞുങ്ങളെ പുതപ്പിക്കാനുള്ള
വെള്ളത്തുണി
മൂക്കില്‍ വയ്ക്കുന്നപഞ്ഞി
അതിലിറ്റിക്കും സുഗന്ധദ്രവ്യം

ആംബുലന്‍സിന്‍റെ നമ്പര്‍ ഉള്ള
ചെറിയ ടെലഫോണ്‍ ബുക്ക്
എന്നിവകൂടി നിരത്തിവെച്ച്
അങ്ങനെ കഴിയുമ്പോള്‍


കാലത്ത്
കുട്ടിയുടുപ്പു വാങ്ങിപ്പോയ
ആള്‍ തന്നെ
ഉച്ചകഴിഞ്ഞ്
വെള്ളത്തുണിക്കും വരുന്നതുകണ്ട്
അന്ധാളിച്ച്
ജീവിതത്തിന്‍റെ രണ്ടറ്റവും
വലിച്ചൊപ്പിക്കേണ്ട്കാര്യം
ഓര്‍മവന്നപ്പോള്‍
" ഈ കുഞ്ഞുങ്ങളുടെ
ഓരോകളികള്‍ ...."
എന്നു സമാധാനിച്ച്

പഞ്ഞി എടുക്കുന്നു
സുഗന്ധദ്രവ്യം വെക്കുന്നു
വെള്ളത്തുണി മുറിക്കുന്നു
മുറിച്ചപ്പോള്‍ ബാക്കിവന്ന
വെള്ളത്തുണിയുടെ കട്പീസ്
വെറുതെ കൊടുക്കുന്നു
പിന്നെ
കുഞ്ഞുങ്ങളെ സ്വര്‍ഗത്തില്‍ കടത്താന്‍
ദൈവത്തോടു പറയുന്ന
പ്രാര്‍ത്ഥന
ആരും കേള്‍ക്കാതെ
ഉരുവിടുന്നു.
അയാള്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമുള്ള
ആശുപത്രിക്കു മുന്നിലെ
നടപ്പാതയില്‍.

**************



ശിക്ഷ


ഉറ്റവരുടെ കണ്‍മുമ്പിലിട്ട്‌ കുഴിച്ചുമൂടാന്‍
അല്ല്ലെങ്കില്‍
പച്ചവിറകില്‍ കിടത്തി
ഇങ്ങനെ കത്തിച്ചു കളയാന്‍ മാത്രം
വലിയ എന്തു കുറ്റമാണ്‌
അയാള്‍ ലോകത്തോട്‌ ചെയ്തത്‌?
****************************


നിറം
കറുപ്പൊരു നിറമല്ല
സഹിച്ചതൊക്കെയും തഴമ്പിച്ചത്‌
വെളുപ്പൊരു നിറം തന്നെ
ചെയ്തതിനെയോര്‍ത്ത്‌ തൊലിയുരിയുമ്പോള്‍
വെളിപ്പെടുന്നത്
********************
വീരാന്‍ കുട്ടി
********************

1 comment:

Vinodkumar Thallasseri said...

കവിത മാക്രോയില്‍ നിന്ന്‌ മൈക്രോയും കടന്ന്‌ നാനോവിലെത്തിനില്‍ക്കുന്നു. വലിയ കാന്‌വാസിനെക്കൂടി കാണാന്‍ ചെറിയ, സൂക്ഷ്മമായ ദ്വാരം. മാഷുടെ പല കവിതകളിലെന്ന പോലെ ഇതും അങ്ങനെ ഒരു ദ്വാരമാണ്‌. ഒരു സ്വകാര്യ ദുഖം കൂടി. ഞാന്‍ പകുതിയാക്കിവെച്ച ഒരു കവിത തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌, "കറുപ്പ്‌ ഒരു നിറമല്ല". തള്ളശ്ശേരി.