Sunday, October 12, 2008

അങ്ങിനേയും ഒരു ലോകമുണ്ട്

അന്നേരം
മാര്‍ട്ടിന്‍ കൂപ്പര്‍ എന്ന മനുഷ്യന്‍
മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചു.
അവ
ലോകമെമ്പാടും പരന്നു.

ഒരിക്കല്‍
സംസാരിച്ചുമടുത്ത ഒരാള്‍
ഒരു കോള്‍ കട്ടുചെയ്തു.
തള്ളവിരലിന്റെ ഇടപെടല്‍
ഒരു വിനിമയത്തിന്റെ കഴുത്തുഞെരിച്ചു.
പിന്നീട്
ഓഫുചെയ്തും
സിംകാര്‍ഡ് മാറ്റിവച്ചും
കേട്ടില്ലെന്നു നടിച്ചും
പുതിയ ആളുകള്‍
പുതിയ ഉപകരണത്തില്‍
പഴയ ലോകത്തെ വിരിച്ചിട്ടു.
ഒരിക്കലല്ല,
വീണ്ടും വീണ്ടും.
അലക്സാണ്ടര്‍ ഗ്രഹാംബെല്‍ എന്ന മനുഷ്യന്‍
ഇരിപ്പുഫോണ്‍ കണ്ടുപിടിക്കും വരെ.

അതോടെ കൈയ്യിന്റെ കീശയുടെ
വേഗതയുടെ സൊല്ലയൊഴിഞ്ഞ്
ആളുകള്‍ തെരുവില്‍ നടന്നു.
ചിരിച്ചു.
അപരന്റെ നേര്‍ശബ്ദം
റിംഗ്ടോണിനേക്കാള്‍
സംഗീതത്തോടടുത്തു.

അങ്ങനെയും ഒരു ലോകമുണ്ട്.
മൊബൈല്‍ഫോണിനുശേഷം
ലാന്റ്ഫോണ്‍ കണ്ടുപിടിക്കപ്പെട്ട ലോകം.
അവിടെ ഒരിക്കല്‍
ടെലിഫോണ്‍ എറിഞ്ഞുടച്ച ഒരാള്‍ക്ക്
നോബല്‍ സമ്മാനം ലഭിച്ചേക്കും.

ഒച്ചയില്‍ നിന്നും
നിശ്ശബ്ദത കണ്ടെത്തിയതിന്.
വേഗതയില്‍നിന്നും
നിശ്ചലത ആവിഷ്കരിച്ചതിന്

*********************
പി.എന്‍.ഗോപീകൃഷ്ണന്‍
*********************

No comments: