Sunday, October 12, 2008

സമകാലീന കവിതയിലേക്ക് അഞ്ച് പരിശ്രമങ്ങള്‍

ഒന്നാമത്തേത്.
കുളിമുറിയുടെ മണം
സോപ്പുമണം പരത്തുന്ന
ആവിയില്‍
വിങ്ങിനില്‍ക്കുന്നു,
കുളിമുറി
ഞാന്‍ കടന്നുചെന്നിട്ടും
വെള്ളം തുറന്നിട്ടും
അറിയാതെ
ആരോ
കുളിച്ചിറങ്ങിപ്പോയതിന്റെ
ഓര്‍മ!
**
രണ്ടാമത്തേത്.
കിളി, ആകാശത്തോട്
ആകാശമേ
മഴവന്നാലും
നീയെന്റെ ചിറകെഴുത്തുകള്‍
ഓര്‍ത്തിരിക്കണേ

കുഞ്ഞുങ്ങള്‍ കുട നിവര്‍ത്തുമ്പോള്‍
അതിനുള്ളില്‍ കയറിക്കൂടി
കൂട്ടം ചേര്‍ന്നു പോകണേ
സൂര്യനെ,ചന്ദ്രനെ
നക്ഷത്രങ്ങളെ
നനയാതെ
കാത്തുകൊള്ളണെ
**
മൂന്നാമത്തേത്,
പട്ടം പറത്തല്‍
നഗരത്തിലെ
വീടിന്റെ മട്ടുപ്പാവില്‍ നിന്ന്‌
ഞാന്‍ നോക്കിനില്‍ക്കെ
പറന്നുയരുന്ന പട്ടമേ
നിന്റെ പിന്നില്‍
അന്തമറ്റഴിയുന്ന ഒരു നൂലുണ്ട
മുറുകെപ്പിടിച്ചിരിക്കുന്ന
മെലിഞ്ഞ കൊച്ചുകൈകളുടെ
ഉടമയെ എനിക്കുകാണാം .

നാ‍ട്ടിന്‍ പുറത്തെ
കൊയ്തുകഴിഞ്ഞ പാടത്ത്
കാറ്റത്തു തുള്ളിനിന്ന്
അവന്‍ നിന്റെ നേര്‍ക്ക്
അഴിച്ചുവിടുന്ന നോട്ടത്തിന്റെ
നാട്ടുവെളിച്ചത്തിലല്ലേ
ഞാനും
ഈ മട്ടുപ്പാവും
വീടും നഗരം തന്നെയും
ഈ വൈകുന്നേരത്ത്
ഇങ്ങനെ നില്‍ക്കുന്നത്
**
നാലാമത്തേത്.
അടുക്കള
ഇരിപ്പുമുറി
കിടപ്പുമുറി
ഊണുമുറി
കുളിമുറി...
അടുക്കളമാത്രം
ഒരു മുറി അല്ലാത്ത
മുറികൂടാനാവാത്ത
മുഴുവന്‍ മുറിവ്.
**
അഞ്ചാമത്തേത്.
പ്രണയം
യുദ്ധം കഴിഞ്ഞ്
മനുഷ്യരും മരങ്ങളും
ജന്തുക്കളും മരിച്ചുപോയ
നഗരം

കേടുപറ്റാത്ത കെട്ടിടങ്ങളും
നടപ്പാതകളും
വഴിവിളക്കുകളും കൊണ്ട്

പരസ്യബോര്‍‌ഡുകളും
കല്‍‌പ്രതിമകളും
ട്രാഫിക് സിഗ്നലുകളും കൊണ്ട്

ഒരിക്കല്‍
ജീവന്‍ സഞ്ചരിച്ചിരുന്ന വഴികളെ
മാറ്റിവരച്ച്
എല്ലാം പഴയമട്ടിലാക്കുമെന്ന്
വ്യാമോഹിക്കുന്നു
പാ‍വം
*****************
ചരിത്രം

അരിവാള്
‍ആകാശത്തിലെ
മുറിച്ചന്ദ്രനോടു ചേര്‍ന്നു
നക്ഷത്രം
കുഞ്ഞുങ്ങളുടെ കണ്ണുകളിലേയ്ക്കു
മടങ്ങിപ്പോയി.
ചുറ്റിക മാത്രം
തന്റെ അകാല്‍പ്പനികമായ ഉത്ഭവത്തില്‍ നൊന്ത്‌
ചരിത്രം പടങ്ങളായി തൂങ്ങാനിരിക്കുന്ന
ഇരുമ്പാണിത്തലപ്പുകള്‍ക്കുമേല്
‍ആഞ്ഞടിച്ചുതുടങ്ങി.
******************
അനിത തമ്പി
*****************

No comments: