Friday, December 12, 2008

എനിയ്ക്കെന്നെ സംശയമുണ്ട്‌!

ഇന്നും കണ്ടു
പുഴയിലൊരു പെണ്ണിന്റെ ശവം

ഇന്നലെ വൈകുന്നേരം
മണ്ണെണ്ണ വാങ്ങാന്‍ പോയ ചന്ദ്രിക
ഇതുവരെ തിരിച്ചു വന്നില്ല
നഗരത്തിലെ തുണിക്കടയില്‍
‍വില്‍പനക്കാരിയായി പോകുന്ന
കുമാരിയുമെത്തിയിട്ടില്ല

അയല്‍പക്കങ്ങളില്‍ ഇരന്ന്
അരികൊണ്ടുവരാന്‍ ഇനി വയ്യെന്ന്
കുറിപ്പെഴുതിവച്ചു പോയ
അമ്മിണിയെ തിരയാനിനി ഇടമില്ല

രണ്ടു ദിവസം മുന്‍പായിരുന്നു
കള്ളച്ചാരായം വാറ്റുന്ന ഗോവിന്ദന്‍
ഒരോട്ടോറിക്ഷയില്‍ കൊണ്ടുവന്ന
പച്ചസാരിയുടുത്ത പെണ്ണുമായി
കുന്നു കയറിയത്‌
ഗോവിന്ദന്‍ മാത്രമായിരുന്നോ
തിരിച്ചിറങ്ങിയത്‌?

ഉടുതുണിയുണ്ടായിരുന്നില്ല
മൂക്കും മുലയുമുണ്ടായിരുന്നില്ല
കണ്‍കുഴികളില്‍
രണ്ട്‌ കുഞ്ഞു ഞണ്ടുകള്‍
ഉണ്ണിപ്പുര വച്ചു കളിക്കുന്നുണ്ടായിരുന്നു

മീനുകള്‍ തിന്നു തീര്‍ത്തതാണെന്ന്
ആള്‍ക്കൂട്ടത്തില്‍നിന്ന് വിളിച്ചു പറഞ്ഞതാര്‌?
അവനെ ശവം മണക്കുന്നുണ്ടെന്നു തോന്നുന്നു!

*************************
ടി.പി.അനില്‍കുമാര്‍
*************************

Monday, October 13, 2008

ഞാനൊ ആത്മകഥയില്‍ ഇത്രയും എഴുതുന്നത്

കള്ളച്ചൂതില്‍ പണയമായ് കിട്ടിയ പെണ്ണിന്‍റെ
മുലകള്‍ രണ്ടും പണ്ടേ പറിച്ചെറിയപ്പെട്ടവ.
നിഴലുകളാടുന്ന രാത്രിയുടെ ചുണ്ണാമ്പുമുറിയില്‍
പെണ്ണിന്‍റെ നാഭിച്ചുഴിക്കടുത്തു ചോര കിനിയുന്ന
രണ്ടു പകിടച്ചാലുകള്‍ ഉറക്കം വരാതെ .
അവളുടെ കണ്ണുകളില്‍ പായ്ക്കപ്പലുകള്‍
തിരസ്ക്കരിച്ച നങ്കൂരങ്ങളുടെ പുറം കടല്‍.
ഉടലിന്‍റെ കുളകുപാടങ്ങള്‍ തൊട്ടെത്തുന്ന
വരണ്ട കാറ്റില്‍ കത്തിക്കരിഞ്ഞ് എന്‍റെ മൗനം.

സ്വയംകുരുതി നടന്ന രാത്രിയില്‍
കളഞ്ഞുകിട്ടിയതത്രയും കള്ളനാണയത്തുട്ടുകള്‍.
മേല്‍വിലാസങ്ങളറ്റ് യൗവനത്തിന്‍റെ
പുഴുക്കള്‍ തുളച്ച വില്‍പ്പത്രത്തില്‍
അസംബന്ധ വായാടിത്തം.
ശിക്കാറു കഴിഞ്ഞെത്തുയ തണുത്ത
തോക്കിന്‍കുഴലില്‍ കടിച്ചുപിടിച്ച്
ആരുടേയോ അവസാന ശ്വാസം.
ഇരുട്ടു തുഴഞ്ഞെത്തുന്ന ഈ
ഏകാകിയുടെ ചോരയ്ക്കും ചവര്‍പ്പ്.
മഹസറില്‍ മഷിവീണുപടര്‍ന്നത്
എന്‍റെ സൗഹൃദം.

മൂര്‍ച്ചയില്‍കോര്‍ത്തുകിട്ടിയ ഇരയുടെ
കാലിലെ വേഗം മുമ്പേ മുറിക്കപ്പെട്ടവ.
കണ്ണുകളുടെ ആഴങ്ങള്‍ കാഴ്ച കൊണ്ടു
പണ്ടേ മറയ്ക്കപ്പെട്ടവ.


കരിഞ്ഞുകലങ്ങിയ ഫലിതം കൊണ്ടു
ഓര്‍മകള്‍ പണ്ടേ ഉടയ്ക്കപ്പെട്ടവ.
വൈകിയോടുന്ന വൈകുന്നേരങ്ങള്‍
പണ്ടേ ആത്മഹത്യചെയ്തവ.
വെറും വെട്ടും തിരുത്തലുകളുമായി
മാറ്റിയെഴുതിയത് എന്‍റെ പ്രണയം.

ഓര്‍മകളുടെ ഈടില്‍ കടം പറ്റിയ -
ഈദിനങ്ങളൊക്കെയും പണ്ടേ
അരികുകള്‍ കീറി മടങ്ങിയവ.
ആത്മഗതങ്ങളേറെയും
പണ്ടേ പനിപിടിച്ചവ.
കാഴ്ചകളത്രയും
പണ്ടേ കരഞ്ഞവ.
**************
വി. ജയദേവ്.
*************

Sunday, October 12, 2008

ബാധ

ബൈക്കപകടം പുതുമയല്ല.
തലതകര്‍ന്നുമരണം പുതുമയല്ല.
അനുശോചനയോഗം പുതുമയല്ല,
നിന്‍റെ അടക്കം കഴിഞ്ഞ്
ഞങ്ങള്‍ കൂട്ടുകാര്‍
ഇതാ പിരിഞ്ഞുപോകുന്നു.

ഓള്‍ഡ് മങ്ക് സായാഹ്നങ്ങള്‍ക്കു വിട.
മാച്ചിസ്മൊ വേഗങ്ങള്‍ക്കുവിട.
പെട്രോളിന്‍റെ ഗന്ധമുള്ള
വിയര്‍പ്പുതുള്ളികള്‍ക്ക് വിട.

ഇനിയുള്ളകാലം
നിന്‍റെ മാംസത്തോട്
പച്ചമണ്ണുസംസാരിക്കും.
അന്തിമകാഹളം കേള്‍ക്കുവോളം
നിനക്കു വിശ്രമം.

ഈ നൂറ്റാണ്ടിന്‍റെ മേല്‍
അടുത്ത നൂറ്റാണ്ടു വന്നു വീഴുന്ന ഭാരിച്ച ശബ്ദം
നിന്നെ ഉണര്‍ത്താതിരിക്കട്ടെ.

2

ഞാന്‍ മറ്റാരുമല്ല.
രാത്രിയില്‍ മദ്യശാലയില്‍
വൈകി എത്തുന്ന പതിവുകാരന്‍.
ഇന്നത്തെ ഏകാകി.
എനിക്കെതിരെയുള്ള കസേരയില്‍
ഇന്നലെ ഈ സമയത്തു നീ ഉണ്ടായിരുന്നു.
ഇന്നവിടെ ശൂന്യതമാത്രം.
**********************
ബാലചന്ദ്രന്‍ ചുള്ളിക്കാട്.
**********************

മഴവില്ലേറ്റു മരിച്ചകുട്ടികള്‍

പ്രേമിക്കാനൊരു ദിനം
അച്ഛനേയും അമ്മയേയും
സ്നേഹിക്കാനൊരുദിനം
കുടുംമ്പാസൂത്രണത്തിന് വേറെ ദിനം
ശിശുക്കള്‍ക്കും പശുക്കള്‍ക്കും വരെ
വെവ്വേറെ ദിനങ്ങള്‍, കാര്‍ഡുകള്‍.

ഇന്ന് മഴവില്‍ ദിനമാണ്
മഴവില്ലേറ്റുമരിച്ച
കുട്ടികളുടെ ഓര്‍മ്മപ്പെരുന്നാള്‍.
അറം പറ്റിയ മഴക്കഥയില്‍
കൊള്ളയടിക്കപ്പെട്ടകപ്പലും
ഏകാകിയായ നാവികനും.
മഴച്ചുമയില്‍ ചിതറുന്ന
കഫക്കട്ടകള്‍.
മഴയരുവിയില്‍ ചെവിയില്‍ ചെവിത്തോണ്ടികള്‍.
മഴയും കുട്ടികളും തമ്മില്‍
ഫ്ളൂപിടിപ്പിക്കുന്ന മ്ളേച്ഛസൗഹൃദം.
അവരുടെ തിളക്കമുള്ള കണ്ണുകള്‍
കുത്തിക്കെടുത്തുന്ന
മഴയുടെ സ്ഫടികസൂചി.

റേഡിയോ ആക്ടീവ് തന്‍‌മാത്രകള്‍
കൊണ്ട് ചിത്രപ്പണി ചെയ്ത മഴവില്ല്.
വൈദ്യുതക്കമ്പികളില്‍ ഏഴു നിറങ്ങള്‍
കാഴ്ചയ്ക്ക് കറുത്ത കണ്ണാടകള്‍.
അതിന്‍റെ അര്‍ദ്ധവൃത്താകൃതിയില്‍
നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങള്‍.
മഴ ഇപ്പോള്‍ ഭൂമിയില്‍
ഒരു വിത്തിനെയും കിളിര്‍പ്പിക്കാതെ
ഒരു കുഞ്ഞിനെയും കുളിര്‍പ്പിക്കാതെ.

മഴവില്ലേറ്റു മരിച്ച കുട്ടികള്‍
ശലഭങ്ങളായി തിരിച്ചു വരാതിരിക്കില്ല
കാരണം മഴവില്ല് ചില സമയങ്ങളില്‍
ഒരു മനോരോഗമാണ്.

****************
രൂപേഷ് പോള്‍
****************

മലയാള് കവിതയ്ക്ക് ഒരു കത്ത്

ഒരുനാള്‍ പുഴയില്‍ വെച്ചു കണ്ടു
ഏറെനേരം ഒന്നിച്ചിരുന്നു.

പുഴയ്ക്ക് ഒരു ജനലുണ്ട്
അതിലൂടെ ഞാന്‍ പറന്നുപോകും, നീ പറഞ്ഞു.

പുഴയ്ക്ക് ജനലുണ്ടെങ്കില്‍ അത് വീടായിരിക്കണം
പറന്നുപോകണമെന്നു പറഞ്ഞെങ്കില്‍ ജയിലായിരിക്കണം.

പാവങ്ങള്‍ക്കിടയില്‍ ഞാന്‍ കഴിയുന്നു.
അവരുടേതുപോലൊരു കുടിലില്‍
കിട്ടുന്നതു തിന്നുന്നു
അകലെ നിന്ന് വെള്ളമെടുക്കണം
അപ്പന്‍ എന്നെ പട്ടീ എന്നു വിളിക്കുന്നതു
കേള്‍ക്കണം
അമ്മയുടെ തീട്ടവും മുള്ളിയും എടുത്തുകളയണം
പാട്ട, ചെരിപ്പ്, കുപ്പി, കടലാസ്
ഇതൊക്കെ പെറുക്കിവില്ക്കുകയാണു പണി
ആളുകള്‍ എന്നെ പെറുക്കി എന്നു വിളിക്കുന്നു
വണ്ടിയില്‍ എന്‍റെ ചാക്കുകെട്ട് കേറ്റില്ല.

എന്നിട്ടും നിന്നെ വിളിച്ചു
നീവന്നില്ല.

നിന്‍റെ ആളുകളെ എനിക്കറിയാം
വലിയ കെട്ടിടങ്ങള്‍പോലെയുള്ളവര്‍
അവര്‍ നിന്നെ ചതുരങ്ങളിലും വൃത്തങ്ങളിലും
പൂട്ടിയിട്ടു.

ഒരു തുളയിലൂടെ നീ പുറം ലോകം കണ്ടു
വീട്ടുപകരണങ്ങളില്‍ തട്ടിവീണു.
തുണികളും ചിരികളുമെടുത്തണിഞ്ഞ്
അമ്പലത്തിലേയ്ക്കുപൊകും വഴി
നീ കാറിലിരുന്ന് എന്നെ നോക്കിയത് മറക്കത്തില്ല.
എല്ലാം മടുത്തു അല്ലെ?


കാടുകാണാനും ഓലപ്പുരയിലുറങ്ങാനും
ചെളിവെള്ളത്തില്‍ നടക്കാനും
പെണ്ണിനു കൊതി തോന്നാം
വെയിലെത്ത് അവള്‍ പൊള്ളും
മഴനനഞ്ഞ് പനി പിടിക്കും.

നിനക്കുവേണ്ടത് സ്വാതന്ത്ര്യമല്ലെ?
ഇവിടെ അതേയുള്ളു
ഇഷ്ടമുള്ളതു പറയാം , ചെയ്യാം.
തോട്ടില്‍പോയി കുളിക്കാം
പറമ്പിലെത്തുന്നകരികിലം പിടകളോടൊപ്പം
ചിലയ്ക്കാം
തിണ്ണയില്‍ തഴപ്പായിട്ടിരിക്കാം
അമ്മയും അപ്പനും കൂട്ടുണ്ടാകും
പണികഴിഞ്ഞ് ഞാന്‍ ഓടിയോടിവരും
കഞ്ഞിയും മുളപ്പിച്ച പയറും കഴിച്ചുകിടക്കാം
അല്ലെങ്കില്‍ ആകാശം നോക്കിയിരിക്കാം
മൂങ്ങകള്‍ മൂളുന്നതുകേട്ടു നീ പേടിക്കണം
ഞാന്‍ അപ്പൊള്‍ നിന്നെ സ്നേഹം കൊണ്ടുമൂടും.

***************
എസ്. ജോസഫ്
***************

ഓര്‍മ്മ

ഈ വഴിയേ പലരും പോയിട്ടുണ്ടെങ്കിലും
വഴിയില്‍ കുഴഞ്ഞു വീണു മരിച്ച ഒരാളെ മാത്രമേ
നാട്ടുകാര്‍ ഓര്‍ക്കുന്നുള്ളൂ.
അയാളുടെ സഞ്ചിയില്‍ കുന്നിമണികളും
മഞ്ചാടിക്കുരുക്കളും ഉണ്ടായിരുന്നു
ഒരമ്മയുടെയും കുട്ടിയുടെയും പടമുണ്ടായിരുന്നതു കൊണ്ട്
അമ്മമാര്‍ അയാളെ ഓര്‍ക്കുന്നുണ്ട്.
കുഴിച്ചിടുമ്പോള്‍ ഒരു കീറു വെളിച്ചം
മായാതെ ദേഹത്തു തങ്ങി നിന്നതിനാല്‍
മണ്‍‌വെട്ടിയും തൊഴിലാളികളും അയാളെ മറന്നിട്ടില്ല.
സഞ്ചിയിലുണ്ടായിരുന്ന വിത്തുകള്‍
വളര്‍ന്നു പൂവും കായുമായതിനാല്‍
മണ്ണും മരവും തേനും ആകാശവും
അയാളെ ഓര്‍ത്തുകൊണ്ടിരിക്കും.
കിനാവു കാണാത്ത ദിനങ്ങളില്‍
ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കും
എന്തിനായിരുന്നു ആ കുന്നിമണികള്‍?
ഈ വഴിയേ പലരും പോയെങ്കിലും
ഒരാളെ മാത്രമേ എല്ലാവരും ഓര്‍ക്കുന്നുള്ളൂ.
*****************
ഡി.വിനയചന്ദ്രന്‍
*****************

ദൈവങ്ങള്‍,ദുശ്ശീലം, നാസ്തികം


സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം
ജീവിതാന്തര സൌന്ദര്യസൂചകം
നീലഗോളമുള്‍ച്ചേര്‍ന്ന്‌ ഗാലക്സിയില്‍
ജ്വാലകള്‍ വകഞ്ഞെത്തിയ ജാഗരം

എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ
എന്നു ചോദ്യം തൊടുക്കുമന്വേഷണം
ജീവജാല നാനാത്വത്തിലുണ്മതന്‍
നേര്‍മുഖം കാട്ടുമൂര്‍ജ്ജ പ്രചോദനം

ജ്ഞാനബന്ധുരം ചിന്താസുരഭിലം
സൂര്യരശ്മിപോല്‍ സൂക്ഷമം സഹായകം
കാലബോധത്തില്‍ നിന്നുയിര്‍ക്കോള്ളുമീ-
കാവ്യതീവ്രമാമുത്തരം നാസ്തികം

ഭാവസാന്ദ്രമഹാപ്രപഞ്ചത്തിന്റെ
പ്രായകോശം പഠിച്ച രസാത്ഭുതം
കാന്തസൂചിയില്‍ സാഗരാതിര്‍‌ത്തികള്‍
ചൂണ്ടിടുന്ന സഞ്ചാരിതന്‍ സൌഹൃദം

ഭൌതികത്തിന്റെയുല്പന്നമാത്മാവ്
ലൌകികത്തിന്റെ ലീലയീ കല്പന
ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ്
നന്മ നല്കി ജ്വലിക്കുന്ന നാസ്തികം

****************************

കുരീപ്പുഴ ശ്രീകുമാര്‍

**************************