ദൈവങ്ങള്‍
ബാബരിപ്പള്ളി
പൊളിച്ചടുക്കിയപ്പോള്
പടച്ചോന് നല്ല ഉറക്കത്തിലായിരുന്നു.
ആരാധനാലയത്തില്‍
ആയുധങ്ങള്‍ ശേഖരിച്ചപ്പോള്‍
അദ്ദേഹം അന്റാര്‍ട്ടിക്കയിലായിരുന്നു.
കാശ്മീരില്‍ നിന്നും
പ്രാണന് കയ്യിലെടുത്ത് ഓടിയപ്പോള്‍
ഭഗവാന്മാരും ഭഗവതിമാരും
ബഹിരാകാശ യാത്രയിലായിരുന്നു.
ആദിവാസികളെ
വെടിവെച്ചിട്ടപ്പോള്‍
നെറ്റിയിലെ തീക്കണ്ണില്‍
തിമിരമായിരുന്നു.
ശത്രുപക്ഷത്തു നില്‍ക്കുകയോ
മുങ്ങുകയോ ചെയ്യുന്ന
ദൈവങ്ങളെകൊണ്ട്
എന്താണു പ്രയോജനം?
*******************
ദുശ്ശീലം
ഞാന്‍
അദ്ദേഹത്തേപോലെ
മദ്യം തൊട്ടിറക്കിയിട്ടില്ലാത്ത ആളല്ല.
പക്ഷെ,
ഞാനാരുടേയും പള്ളി പൊളിച്ചിട്ടില്ല.
ഞാന്‍ പുകവലിച്ചിട്ടില്ലാത്ത ആളുമല്ല
എങ്കിലും
ഞാനാരെയും
ഗ്യാസ് ചേമ്പറിലിട്ടു കൊന്നിട്ടില്ല.
ഞാന്‍ സമ്പൂര്ണ്ണസസ്യ ഭുക്കുമല്ല
എന്നാലും
ഞാന്‍ അന്യമതസ്ഥകളെ
ബലാല്‍സംഗം ചെയ്യുകയോ
അമ്മവയറ്റിലുറങ്ങിയ
കണ്ണുതുറക്കാക്കന്മണിയെ
ശൂലത്തില്‍ കുത്തി
തീയിലെറിഞ്ഞാടുകയോ ചെയ്തിട്ടില്ല
അപ്പോള്‍ ചങ്ങാതീ
യഥാര്‍ത്ഥ ദുശ്ശീലമെന്താണ്?
*********************
നാസ്തികം
സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം
ജീവിതാന്തര സൌന്ദര്യസൂചകം
നീലഗോളമുള്‍ച്ചേര്‍ന്ന് ഗാലക്സിയില്‍
ജ്വാലകള്‍ വകഞ്ഞെത്തിയ ജാഗരം
എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ
എന്നു ചോദ്യം തൊടുക്കുമന്വേഷണം
ജീവജാല നാനാത്വത്തിലുണ്മതന്‍
നേര്‍മുഖം കാട്ടുമൂര്‍ജ്ജ പ്രചോദനം
ജ്ഞാനബന്ധുരം ചിന്താസുരഭിലം
സൂര്യരശ്മിപോല്‍ സൂക്ഷമം സഹായകം
കാലബോധത്തില്‍ നിന്നുയിര്‍ക്കോള്ളുമീ-
കാവ്യതീവ്രമാമുത്തരം നാസ്തികം
ഭാവസാന്ദ്രമഹാപ്രപഞ്ചത്തിന്റെ
പ്രായകോശം പഠിച്ച രസാത്ഭുതം
കാന്തസൂചിയില്‍ സാഗരാതിര്‍ത്തികള്‍
ചൂണ്ടിടുന്ന സഞ്ചാരിതന്‍ സൌഹൃദം
ഭൌതികത്തിന്റെയുല്പന്നമാത്മാവ്
ലൌകികത്തിന്റെ ലീലയീ കല്പന
ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ്
നന്മ നല്കി ജ്വലിക്കുന്ന നാസ്തികം
****************************
കുരീപ്പുഴ ശ്രീകുമാര്‍
**************************
2 comments:
vayikkan pattunnilla.red is not good
ശ്രീകുമാര്‍,
ബ്ലോ ഇപ്പോളാണ് കണ്ടത്.
സന്തോഷം.
Post a Comment