Sunday, October 12, 2008

മലയാള് കവിതയ്ക്ക് ഒരു കത്ത്

ഒരുനാള്‍ പുഴയില്‍ വെച്ചു കണ്ടു
ഏറെനേരം ഒന്നിച്ചിരുന്നു.

പുഴയ്ക്ക് ഒരു ജനലുണ്ട്
അതിലൂടെ ഞാന്‍ പറന്നുപോകും, നീ പറഞ്ഞു.

പുഴയ്ക്ക് ജനലുണ്ടെങ്കില്‍ അത് വീടായിരിക്കണം
പറന്നുപോകണമെന്നു പറഞ്ഞെങ്കില്‍ ജയിലായിരിക്കണം.

പാവങ്ങള്‍ക്കിടയില്‍ ഞാന്‍ കഴിയുന്നു.
അവരുടേതുപോലൊരു കുടിലില്‍
കിട്ടുന്നതു തിന്നുന്നു
അകലെ നിന്ന് വെള്ളമെടുക്കണം
അപ്പന്‍ എന്നെ പട്ടീ എന്നു വിളിക്കുന്നതു
കേള്‍ക്കണം
അമ്മയുടെ തീട്ടവും മുള്ളിയും എടുത്തുകളയണം
പാട്ട, ചെരിപ്പ്, കുപ്പി, കടലാസ്
ഇതൊക്കെ പെറുക്കിവില്ക്കുകയാണു പണി
ആളുകള്‍ എന്നെ പെറുക്കി എന്നു വിളിക്കുന്നു
വണ്ടിയില്‍ എന്‍റെ ചാക്കുകെട്ട് കേറ്റില്ല.

എന്നിട്ടും നിന്നെ വിളിച്ചു
നീവന്നില്ല.

നിന്‍റെ ആളുകളെ എനിക്കറിയാം
വലിയ കെട്ടിടങ്ങള്‍പോലെയുള്ളവര്‍
അവര്‍ നിന്നെ ചതുരങ്ങളിലും വൃത്തങ്ങളിലും
പൂട്ടിയിട്ടു.

ഒരു തുളയിലൂടെ നീ പുറം ലോകം കണ്ടു
വീട്ടുപകരണങ്ങളില്‍ തട്ടിവീണു.
തുണികളും ചിരികളുമെടുത്തണിഞ്ഞ്
അമ്പലത്തിലേയ്ക്കുപൊകും വഴി
നീ കാറിലിരുന്ന് എന്നെ നോക്കിയത് മറക്കത്തില്ല.
എല്ലാം മടുത്തു അല്ലെ?


കാടുകാണാനും ഓലപ്പുരയിലുറങ്ങാനും
ചെളിവെള്ളത്തില്‍ നടക്കാനും
പെണ്ണിനു കൊതി തോന്നാം
വെയിലെത്ത് അവള്‍ പൊള്ളും
മഴനനഞ്ഞ് പനി പിടിക്കും.

നിനക്കുവേണ്ടത് സ്വാതന്ത്ര്യമല്ലെ?
ഇവിടെ അതേയുള്ളു
ഇഷ്ടമുള്ളതു പറയാം , ചെയ്യാം.
തോട്ടില്‍പോയി കുളിക്കാം
പറമ്പിലെത്തുന്നകരികിലം പിടകളോടൊപ്പം
ചിലയ്ക്കാം
തിണ്ണയില്‍ തഴപ്പായിട്ടിരിക്കാം
അമ്മയും അപ്പനും കൂട്ടുണ്ടാകും
പണികഴിഞ്ഞ് ഞാന്‍ ഓടിയോടിവരും
കഞ്ഞിയും മുളപ്പിച്ച പയറും കഴിച്ചുകിടക്കാം
അല്ലെങ്കില്‍ ആകാശം നോക്കിയിരിക്കാം
മൂങ്ങകള്‍ മൂളുന്നതുകേട്ടു നീ പേടിക്കണം
ഞാന്‍ അപ്പൊള്‍ നിന്നെ സ്നേഹം കൊണ്ടുമൂടും.

***************
എസ്. ജോസഫ്
***************

1 comment:

പരമാര്‍ഥങ്ങള്‍ said...

നന്നായിരിക്കുന്നു